എത്രമാത്രം മലീമസമായ ലോകമാണിതെന്ന് നമുക്കറിയാം.മനുഷ്യൻ ജീവജാലങ്ങളെയെല്ലാം എന്തിനു,മനുഷ്യനെത്തെന്നേയും പ്രകോപനങ്ങളില്ലാതെ അരും കൊല ചെയ്യുന്ന ഈ കെട്ട കാലത്ത് കരുണയുടെ സ്പർശമുള്ള ഒരു കുഞ്ഞനുഭവം പോലും മരുഭൂമിയിലെ തെളിനീരുറവയാണു.
അതിരപ്പിള്ളിക്കാടുകളിലെ ഇലയനക്കങ്ങൾ സ്വന്തം രോമകൂപങ്ങളിൽ പോലും പിടിച്ചെടുക്കുന്ന ബൈജു (Baiju K Vasudevan)ഞങ്ങളുടെ ഉറ്റതോഴനാണു.കാടും ബൈജുവും അത്രപരസ്പര പൂരകങ്ങളുമാണു.കഴിഞ്ഞ മാസം അതിരപ്പിള്ളി വനാന്തരങ്ങൾ കാട്ടുതീയിൽ (കാട്ടുതീയെന്നത് സ്വാഭാവികമായ് വനത്തിൽ ഉണ്ടാകുന്നതല്ലെന്നും അത് നമ്മൾ ഉണ്ടാക്കുന്നതാണെന്നും ബൈജു പറയും)വെന്തെരിഞ്ഞപ്പോൾ രക്ഷകനായി ആദ്യം വന്നതും ബൈജുവാണു.അയാളുടെ വ്യക്തിബന്ധങ്ങൾ കൊണ്ടാണു കേരളത്തിൽ എമ്പാടുമുള്ള സന്നദ്ധസംഘടനകളും വ്യക്തികളും കിട്ടിയ വണ്ടി പിടിച്ച് മണിക്കൂറുകൾക്കകം അവിടെയെത്തി തീ അണയ്ക്കാൻ വനപാലകർക്ക് കൂട്ടായത്.
കഴിഞ്ഞ ദിവസം ,പാഞ്ഞുപോയ ഏതോ വാഹനം തട്ടി പ്രാണൻ വെടിഞ്ഞ ഒരു ആൺ വേഴാമ്പലിന്റെ ചിത്രം ബൈജു പോസ്റ്റ് ചെയ്തിരുന്നു.അതിന്റെ കൊക്കിൽ കുറച്ചു പഴങ്ങളും ഉണ്ടായിരുന്നു.അതിരപ്പിള്ളിപോലുള്ള അപൂർവ്വ ജൈവസമ്പത്തുള്ള ഭൂഭാഗങ്ങളിലൂടെ ചില്ലടച്ച് എ.സി യും ഓൺ ചെയ്ത് ശരവേഗത്തിൽ പോകുന്ന ആർക്കാണു ഇത്തരത്തിലെ ‘റോഡ് കില്ലിംഗ് ‘ ഓർക്കാൻ നേരം?നമുക്ക് വേഗതയല്ലേ മുഖ്യം.നമ്മുടെ ലക്ഷ്യങ്ങളിലേക്ക് എത്രയും വേഗം അടുക്കുക എന്നതും! നിസാരമെന്ന് നാം കരുതുന്ന കേവലമൊരു തേനീച്ചപോലും മനുഷ്യരാശിയുടെ നിലനിൽപ്പിനെ ആധാരമാണെന്ന് അറിയാത്ത പടു വിഡ്ഡികളാണല്ലോ നമ്മൾ.
വേഴാമ്പലുകളുടെ ജീവിതക്രമം അറിയാവുന്നവർക്കറിയാം, കൊക്കിൽ പഴങ്ങളുമായി യാത്ര ചെയ്തത് ആൺ വേഴാമ്പലാണെന്നും ദൂരെ എവിടെയോ ഒരു കൂട്ടിൽ കൊക്ക് മാത്രം പുറത്തിട്ട് അതിന്റെ ഇണയും വിരിഞ്ഞോ വിരിയാറായതോ ആയ കുഞ്ഞും കാത്തിരിക്കുന്നുണ്ടാകാമെന്ന്.തീറ്റതേടിപ്പോയ ആണിനു ആപത്തുണ്ടായാൽ കൂട്ടിലെ ഇണയും കുഞ്ഞും ഭക്ഷണം കിട്ടാതെ വിശന്ന് വിശന്ന് അതിന്റെ വിധിക്ക് കീഴ്പ്പെടുമെന്നും.
വാഹനമിടിച്ചുള്ള ദാരുണമായ അന്ത്യത്തിൽ ആ അവസാന ശ്വാസത്തിനുവേണ്ടിയുള്ള പിടച്ചിലിൽ പോലും തന്റെ കൊക്കിൽ ഇണയ്ക്കും കുഞ്ഞിനുമുള്ള തീറ്റ അവൻ മുറുകെപ്പിടിച്ചിരുന്നതു കണ്ട ബൈജു വികാരാധീനനായിപ്പോയി.തന്റെ മക്കൾക്ക് അന്നം തേടുന്ന ഒരുവനു ആ കാഴ്ച്ച നെഞ്ചു പിടപ്പിക്കുമെന്നത് തർക്കമില്ലാത്ത കാര്യമാണല്ലോ.
ഈ ചിത്രം പോസ്റ്റ് ചെയ്യുക മാത്രമല്ല അവൻ ചെയ്തത്.പിന്നാലെ ,കിളിയുടെ കൂടന്വേഷിച്ച് കാടുകയറുകയായിരുന്നു.ആദരണീയരായ വനപാലകരും ബൈജുവിന്റെ സുഹൃത്തും പക്ഷിനിരീക്ഷകനുമായ സുധീഷ് തട്ടേക്കാടും (Sudeesh Thattekkadu)ഒപ്പം ചേർന്നു.താഴ്ന്നു പറന്ന വേഴാമ്പലിന്റെ കൂട് ആ പരിസരത്തുതന്നെയാകുമെന്ന സുധീഷിന്റെ അനുഭവസമ്പത്തായിരുന്നു കൂടന്വേഷണത്തിനു രാസത്വരകമായത്.മണിക്കൂറുകൾക്കും ദിവസങ്ങൾക്കും ശേഷം അവർ കൂടു കണ്ടെത്തുക തന്നെ ചെയ്തു.നന്നേ ചെറുതായ കുഞ്ഞിന്റെ കരച്ചിൽ കേൾക്കാമായിരുന്നു.ഇത് കേട്ട വനത്തിലെ മുതിർന്ന വേഴാമ്പലുകൾ കൂടിനോടടുക്കുന്നുമുണ്ടായിരുന്നു.ഇവ ആ കുഞ്ഞിനും അമ്മയ്ക്കും ഭക്ഷണം എത്തിച്ചേക്കാം എന്ന ധാരണയിൽ അവർ നിരീക്ഷിച്ചു.എന്നാൽ ഇളംകുഞ്ഞുങ്ങളുമായി അതേ മരത്തിൽ കൂടു കൂട്ടിയിരുന്ന മൈനകൾ ശത്രുക്കളെന്ന് കണ്ട് ,ആ വന്ന വേഴാമ്പലുകളെയെല്ലാം ആക്രമിച്ചു പറത്തി. ഒടുവിൽ വലിയൊരു മുളയേണി കൊണ്ടുവന്ന് മരത്തിൽക്കയറി ഇരുപത്തിയഞ്ചടിയോളം ഉയരത്തിലുള്ള കൂടിന്റെ കവാടത്തിലേക്ക് ആഞ്ഞിലിപ്പഴങ്ങളും അത്തിപ്പഴങ്ങളും ബൈജു നൽകി.കിട്ടിയപാടെ ആ ഇത്തിരിക്കുഞ്ഞനു അമ്മക്കിളി അത് കൈമാറുകയും ചെയ്തു.ഇന്നലെ ഉച്ചയ്ക്ക് ( ഏപ്രിൽ 05, 2) വയർ നിറയെ ഭക്ഷണം കഴിഞ്ഞ ആ കുഞ്ഞ് വൈകിട്ട് 5 വരെ ഉറങ്ങി എന്നതും കൂടി അറിഞ്ഞാലേ അതനുഭവിച്ച വിശപ്പും ദാഹവും മനസിലാകൂ.
അജീഷ് ഗോപി എന്ന ,വനം വകുപ്പിൽ താത്കാലിക ജീവനക്കാരനായ മറ്റൊരു ചെറുപ്പക്കാരനും ബൈജുവിനു കൂട്ടായുണ്ട്.ഓരോ മണിക്കൂറും തീറ്റ നൽകുകയാണിപ്പോൾ.മൂന്നോ നാലോ ദിവസങ്ങൾക്കകം തള്ളപ്പക്ഷി കൂടുപൊളിച്ചു പുറത്തിറങ്ങിയേക്കാമെന്നും വലിയ താമസമില്ലാതെതന്നെ ആ ‘first fly’യും കാണാനായേക്കുമെന്ന് ബൈജു വിലയിരുത്തുന്നു .
പ്രിയപ്പെട്ടവനേ, നീ ഈ ചെയ്യുന്ന നന്മയുടെ സൗജന്യത്തിലാണല്ലോ ഞങ്ങൾ പുലരുന്നത്.എല്ലാറ്റിനേയും തങ്ങൾക്ക് ഉപയോഗിക്കാനുള്ളതാണെന്ന മനുഷ്യദുര അതിന്റെ പാരമ്യത്തിലെത്തി നിൽക്കുന്ന ഇക്കാലത്ത്,മറ്റ് എന്തിന്റെ പേരിലാണീ ഭൂമി കത്തിപ്പോകാതെ നില നിൽക്കുന്നത്?
മനുഷ്യ കുലത്തിൽ നീ ജനിച്ചതുകൊണ്ടുമാത്രം ഞാനുമൊരു മനുഷ്യനാണെന്ന് ഊറ്റം കൊള്ളുന്നു.അഭിമാനിക്കുന്നു.
മനുഷ്യന്റെ പ്രാണനോളം അല്ലെങ്കിൽ അതിനേക്കാൾ മീതെയും പ്രാണനുകളുണ്ടെന്ന് തിരിച്ചറിവു തന്ന പ്രിയ സഖാവേ ,നിനക്ക് മംഗളം.
ആത്മാവുകൊണ്ടൊന്നു ചുംബിക്കട്ടെ ഞങ്ങൾ..
(ബൈജു കെ വാസുദേവൻ- 9495710108)