Campaigns Featured Malayalam Trending

കോർപ്പറേറ്റാഭുമുഖ്യ പുനർനിർമ്മാണമല്ല, പരിസ്ഥിതി സൗഹൃദ ജനപക്ഷ കേരളമാണ് കെട്ടിപ്പടുക്കേണ്ടത്

Download PDF
പ്രളയം സൃഷ്ടിച്ച മഹാദുരന്തത്തിൽ 350 ഓളം പേർ മരണപ്പെടുകയും 12 ലക്ഷത്തിലധികം പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം തേടുകയും ചെയ്തതിന്റെ തുടർച്ചയായി നിരവധി പേർ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിൽ തന്നെയാണ്. ലക്ഷത്തിലേറെ ഏക്കറിൽ കൃഷിയും ചെറുകിട ഉല്പാദന, തൊഴിൽ മേഖലകളും തകർന്നു. ഏറ്റവുമധികം ദുരന്തങ്ങൾക്ക് വിധേയരായ ദരിദ്ര-പാർശ്വവൽകൃത ജനവിഭാഗങ്ങൾ ക്യാമ്പുകളിൽ നിന്ന് തിരിച്ചുപോകാനാകാത്ത വിധം പാർപ്പിടവും ഉപജീവനവു നഷ്ടപ്പെട്ടവരായിരിക്കുന്നു. ഉല്പാദന, ഉപഭോഗ മേഖലകകൾ തകർന്നതെ തുടർന്ന് സമ്പദ് ഘടനയും സാമൂഹ്യ ജീവിതവും ഗുരുതരമായ പ്രതിസന്ധിയിലായിരിക്കുന്നു.

ആഗോളതാപനവുമായി ബന്ധപ്പെട്ട കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായുണ്ടായ ന്യൂനമർദ്ദമാണ് ഈ പ്രളയത്തിനു അടിസ്ഥാനമെങ്കിലും, അത് മഹാദുരന്തത്തിലേക്ക് നയിച്ചത് ഗാഡ്ഗിൽ റിപ്പോർട്ട് ചൂണ്ടിക്കാട്ടിയത് പോലെ പശ്ചിമഘട്ടത്തിലെ അതീവ പരിസ്ഥിതി ദുർബല പ്രദേശങ്ങളിലടക്കം വ്യാപകമായ ക്വാറികളും വനനശീകരണവും നിർമ്മാണ പ്രവർത്തനങ്ങളും സൃഷ്ടിച്ച ഉരുൾപൊട്ടലുകളും മണ്ണിടിച്ചിലുകളുമാണ്. അതിതീവ്ര മഴക്കൊപ്പം മൂന്നു ഡസനോളം ഡാമുകൾ തുറന്ന് വിട്ടതും വിനാശത്തിന് കാരണമായി. പുഴയുടെ സ്വാഭാവിക അതിരുകൾ വിനിയോഗിച്ചുകൊണ്ടുള്ള ഭൂവിനിയോഗവും അവയിലേക്കുള്ള തോടുകളുടേയും കൈവഴികളുടേയും വെള്ളമൊഴുക്ക് തടസ്സപ്പെട്ടത്, ജലനിർഗമന ചാലുകളിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടിയത്, പുഴതീരങ്ങളിൽ വ്യാപകമായ റിയൽ എസ്റ്റേറ്റും നഗരവൽക്കരണവും തുടങ്ങിയവ സ്ഥിതി ഗുരുതരമാക്കി. കഴിഞ്ഞ കാൽ നൂറ്റാണ്ടിനുള്ളിൽ മാത്രം നെൽകൃഷി പ്രദേശങ്ങൾ അഞ്ചിലൊന്നായി ചുരുങ്ങുകയും അരനൂറ്റാണ്ടിനുള്ളിൽ കുട്ടനാടൻ കായൽ പ്രദേശങ്ങളുടെ അറുപത് ശതമാനവും നഷ്ടപ്പെടുകയും ചെയ്തു. കാലാവസ്ഥാ നിരീക്ഷണ – ഡാം മാനേജ്മെന്റ് – ദുരന്ത നിവാരണ സംവിധാനങ്ങൾ നിഷ്ഫലമായി. മുന്നറിയിപ്പ് സംവിധാനങ്ങൾ ഫലപ്രദമാകാത്തവിധം കെടുകാര്യസ്ഥതയും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വവും ശക്തമായി.

പ്രളയാനന്തര കേരളത്തെ നവനിർമ്മിക്കാനെന്ന പേരിൽ പുനർനിമ്മാണ പദ്ധതികൾ ചർച്ച ചെയ്യാൻ ഓഗസ്റ്റ് 30 നു പ്രത്യേക നിയമസഭാ സമ്മേളനം ചേരുകയാണ്. ഈ സന്ദർഭത്തിൽ സിപിഐ (എംഎൽ) റെഡ്സ്റ്റാർ, പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി, തീരദേശ വനിത ഫെഡറേഷൻ, പുതുവൈപ്പ് എൽപിജി ടെർമിനൽ വിരുദ്ധ ജനകീയ സമരസമിതി തുടങ്ങിയ സംഘടനകളും ജനാധിപത്യവാദികളും ഓഗസ്റ്റ് 27 ന് എറണാകുളത്ത് യോഗം ചേരുകയും, ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി കേരളത്തിലുണ്ടായ പേമാരിയും അത് പ്രളയദുരന്തമായി മാറിയ ഇവിടത്തെ സവിശേഷ സാഹചര്യങ്ങളും ചർച്ച ചെയ്യുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിൽ രൂപം കൊണ്ട ‘പരിസ്ഥിതി സൗഹൃദത്തിനും ജനപക്ഷ വികസനത്തിനുമായുള്ള കൂട്ടായ്മ’ താഴെ പറയുന്ന നിർദ്ദേശങ്ങൾ മുന്നോട്ട് വെക്കുന്നു:

1) ദുരിതാശ്വാസ ക്യാമ്പുകളായ സ്കൂളുകൾ തുറക്കാനിരിക്കെ വീടുകളിലേക്ക് പോകാനാകാത്തവർക്ക് ഒഴിഞ്ഞുകിടക്കുന്ന ഫ്ലാറ്റുകളും വീടുകളും റിസോർട്ടുകളും റിലീഫ് ക്യാമ്പുകളായി സർക്കാർ ഉടൻ തുറന്നുകൊടുക്കണം. ദുരിതാശ്വാസ-പുനരധിവാസ പ്രവർത്തനങ്ങളിൽ പങ്കെടുത്തവർ, രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുത്ത മൽസ്യതൊഴിലാളികൾ തുടങ്ങിയവരെ കൂടി പങ്കാളികളായി ജനകീയ മേൽനോട്ട കമ്മറ്റിയുടെ നേതൃത്വത്തിൽ പുനരധിവാസം നടപ്പാക്കണം.

2) നിശ്ചിതതുക പണമായി നൽകുന്നതിനേക്കാൾ ദുരുതബാധിതർക്ക് അവശ്യവസ്തുക്കളും ഉപജീവനവും ഉറപ്പ് വരുത്തുവാനാണ് സർക്കാർ ഊന്നൽ നൽകേണ്ടത്. ഉപഭോഗ വിപണിയെ നിയന്ത്രിക്കുന്ന കോർപ്പറേറ്റ് കച്ചവട ശക്തികൾക്ക് കൊള്ളക്കവസരമുണ്ടാക്കാത്ത തരത്തിൽ പൊതുവിപണിയിലെ ഇടപെടൽ അടിയന്തിരമായി ശക്തിപ്പെടുത്തണം.

3) പ്രളയാനന്തര നിർമ്മാണ പ്രവർത്തനങ്ങൾ ജനകീയാവശ്യങ്ങൾക്കുതകുന്നതും പരിസ്ഥിതി സൗഹൃദ സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തുന്നതുമായിരിക്കണം.

4) ദുരിതബാധിതരായ മുഴുവൻ കർഷകരുടേയും കടങ്ങൾ എഴുതിതള്ളുകയും കാർഷിക പുനരധിവാസ പദ്ധതികൾ ആവിഷ്കരിക്കുകയും വേണം.

5) ഗാഡ്ഗിൽ റിപ്പോർട്ട് ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കുക. ഗാഡ്ഗിൽ റിപ്പോർട്ട് ചൂണ്ടികാട്ടിയ സോൺ 1 ലെ ക്വാറി, നിർമ്മാണ പ്രവർത്തനങ്ങൾ നിരോധിക്കുക. ഇതിനായി പശ്ചിമഘട്ട മേഖലയിലേതുൾപ്പടെയുള്ള നിയമവിരുദ്ധരായ എല്ലാ ഭൂകയ്യേറ്റ മാഫിയകളേയും പുറത്താക്കുക. ഉരുൾപൊട്ടലും മണ്ണിടിച്ചിലും മൂലം തകർന്ന പശ്ചിമഘട്ട പരിസ്ഥിതി മേഖലയിലെ റിസോർട്ടുകളും കെട്ടിട സമുച്ചയങ്ങളും പുനർനിർമ്മിക്കാതിരിക്കുകയും അവശേഷിക്കുന്നവ അടച്ച് പൂട്ടുകയും വേണം.

6) അതിവൃഷ്ടിയെ ആഘാതത്തെ ചെറുക്കാനുള്ള മണ്ണിന്റേയും പുഴകളുടേയും സ്വാഭാവിക ശേഷിയെ തടസ്സപ്പെടുത്തുന്ന എല്ലാ നിർമ്മാണപ്രവർത്തനങ്ങളും കയ്യേറ്റങ്ങളും അവസാനിപ്പിക്കുക. പുഴതീരങ്ങളിൽ കൃഷിമാത്രം അനുവദിക്കുക. പ്രളയാനന്തരം അവസരം കാത്ത് കഴിയുന്ന മണൽ, മണ്ണ് മാഫിയകളെ നിലക്ക് നിർത്തുക.

7) നെൽവയൽ തണ്ണീർതട നിയമങ്ങളിൽ വെള്ളം ചേർക്കുന്നത് അവസാനിപ്പിച്ച് കൃഷിക്കും പരിസ്ഥിതി സംരക്ഷണത്തിനും ഉതകുംവിധം ശക്തിപ്പെടുത്തുക.

8) നിർബന്ധിത കുടിയൊഴിപ്പിക്കലുകളിൽ ഊന്നുന്നതും പിപിപി മാതൃകയിലുള്ളതുമായ റോഡു വികസന പദ്ധതികൾ ശാസ്ത്രീയ ഭൂവിനിയോഗവും ജനകീയ താല്പര്യങ്ങളും മുൻനിർത്തി അവസാനിപ്പിക്കുക. തീരദേശ-മലയോര ഹൈവേ പദ്ധതികൾ നിർത്തിവെക്കുക.

9) സംസ്ഥാനത്തിനു വൻ സാമ്പത്തിക ബാധ്യതയും കൊടിയ പാരിസ്ഥിതിക വിനാശവും വരുത്തി വെക്കുന്നതും മൽസ്യ തൊഴിലാളികളുടെ വാസസ്ഥലങ്ങളും ഉപജീവനവും ഇല്ലാതാക്കുന്നതുമായ വിഴിഞ്ഞം പദ്ധതി, ആലപ്പാട്-ആറാട്ട്പുഴ മേഖലയിലെ കരിമണൽ ഖനനം പുതുവൈപ്പിനിലെ ഐഒസി പ്ലാന്റ്, ഗെയിൽ പദ്ധതി തുടങ്ങിയവ ഉപേക്ഷിക്കുക. മൽസ്യ മേഖലയെ തകർക്കും വിധം ഏലൂർ ഫാക്റ്ററിയിൽ നിന്നും നീറ്റ ജലാറ്റിൻ കമ്പനിയിൽ നിന്നും ചവറ കെഎംഎൽ നിന്നും കടലിലേക്കും നദികളിലേക്കും വിഷമാലിന്യം തള്ളുന്നതിന് അറുതി വരുത്തുക.

10) കേരളീയരുടെ സുരക്ഷ ഉറപ്പാക്കികൊണ്ടും തമിഴ്നാടിനു ജലം ലഭ്യമാക്കുന്ന വിധത്തിലും ഇരു സംസ്ഥാനങ്ങളിലേയും ജനങ്ങളിലെ വിശ്വാസത്തിലെടുത്തുകൊണ്ട് ടണൽ നിർമ്മാണം ഉൾപ്പടെയുള്ള സാങ്കേതിക സാധ്യതകൾ ഉപയോഗപ്പെടുത്തി മുല്ലപ്പെരിയാർ പ്രശ്നം പരിഹരിക്കുക. പശ്ചിമഘട്ട മേഖലയിൽ ഇനിയൊരു ഡാമിനു പ്രസക്തിയേയില്ല. ഊർജ്ജാവശ്യങ്ങൾക്ക് സോളാർ ഉൾപ്പടെയുള്ള ബദൽ സ്രോതസ്സുകൾ തേടുക.

11) നികുതി-സെസ്സുകൾ ഏർപ്പെടുത്തി സ്വകാര്യ വാഹന ഉപഭോഗത്തെ നിരുൽസാഹപ്പെടുത്തുക, സബ്സിഡികൾ നൽകിയും യാത്രാ നിരക്കുകൾ കുറച്ചും പൊതുഗതാഗതത്തെ പ്രോൽസാഹിപ്പിക്കുക.

12) കേരളമോഡൽ വികസനത്തിലൂടെ വൻനേട്ടമുണ്ടാക്കിയ അതിസമ്പന്ന-കോർപ്പറേറ്റ് വിഭാഗങ്ങളിലൂന്നി പുനരധിവസത്തിനും സുസ്ഥിരവികസനത്തിനുമുള്ള ഫണ്ട് കണ്ടെത്തുക.

13) ഫെഡറൽ ഘടനയെ തകർത്ത്, ജനങ്ങൾക്ക് മേൽ വമ്പിച്ച വിലക്കയറ്റം അടിച്ചേൽപ്പിച്ച ജിഎസ്ടി യുടെ മേൽ വീണ്ടും പത്ത് ശതമാനം സെസ്സ് ഏർപ്പെടുത്താനുള്ള സംസ്ഥാന സർക്കാർ നീക്കം ജനദ്രോഹമാണ്. ഇതടക്കം കേന്ദ്ര സർക്കാർ അടിച്ചേൽപ്പിക്കുന്ന നവഉദാര നയങ്ങൾ തിരുത്തുക.

14) പ്രകൃതി ദുരന്തത്തിന്റെ കാര്യത്തിൽ പോലും സംസ്ഥാനത്തിന്റെ ഫെഡറൽ അവകാശങ്ങളെ ഹനിക്കുന്നതും ആവശ്യമായ ഫണ്ട് നിഷേധിക്കുന്നതുമായ കേന്ദ്ര കാവിഭരണത്തിനെതിരെ സമാനമനസ്കരായ സംസ്ഥാനങ്ങളുമായി ചേർന്ന് പൊതുവേദി കെട്ടിപ്പടുക്കുക.

15) ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റേയും കേരളത്തിന്റെ ഭൂപ്രകൃതിയുടെ സവിശേഷതകളുടേയും പാശ്ചാത്തലത്തിൽ കാലാവസ്ഥാ നിരീക്ഷണവും ദുരന്ത നിവാരണവും പരിഗണനയിലെടുക്കുന്ന കർമ്മ പദ്ധതികൾ ആവിഷ്കരിക്കുക. കാലാവസ്ഥ ശാസ്ത്രജ്ഞരുടേയും പരിസ്ഥിതി വിദഗ്ദരുടേയും മുൻകയ്യിൽ സമഗ്രമായ ഡാം മാനേജ്മെന്റ്, ഫ്ലഡ് ഏരിയ മാപ്പിങ്ങ്, ദുരന്ത നിവാരണ മോണിറ്ററിങ്ങ് സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയും സുതാര്യമാക്കുകയും ചെയ്യുക.

16) പരിസ്ഥിതി സന്തുലനവും ജനങ്ങളുടെ ഉപജീവനവും, ആദിവാസികൾ, ദളിതർ, മൽസ്യതൊഴിലാളികൾ, സ്ത്രീകൾ തുടങ്ങിയ പാർശ്വവൽകൃത-മർദ്ദിത ജനവിഭാഗങ്ങളുടെ സവിശേഷ അവകാശങ്ങളും ഉറപ്പ് വരുത്തക്ക വിധം കേരള വികസന കാഴ്ചപ്പാടുകളെ സമൂലമായ പുന:പരിശോധനക്ക് വിധേയമാക്കുക.

17) പ്രളയ ദുരന്ത തീവ്രത വർദ്ധിപ്പിക്കുന്നതിൽ ഭരണരംഗത്തെ കെടുകാര്യസ്ഥതയും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വവും വഹിച്ച പങ്കിനെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തുകയും നടപടികൾ കൈകൊള്ളുകയും ചെയ്യുക.

നവകേരള നിർമ്മാണം എന്ന പേരിൽ നടക്കുന്ന ചർച്ചകൾ വികസനത്തിന്റെ മറവിൽ ഇതോടകം വരുത്തി വെച്ച തെറ്റുകൾ ആവർത്തിക്കുന്നതിന് ഇടയായിക്കൂടാ. പരിസ്ഥിതി സൗഹൃദവും ജനപക്ഷ വികസനത്തിലൂന്നുതുമായ ഒരു കേരളം കെട്ടിപ്പടുക്കുന്നതിന് മുകളിൽ നിന്നും കെട്ടിയിറക്കിയ പദ്ധതികൾക്കാവില്ല. നയതീരുമാനം മുതൽ നടത്തിപ്പ് വരെ എല്ലാ തലങ്ങളിലും ജനകീയ പങ്കാളിത്തം ഉറപ്പ് വരുത്തേണ്ടതുണ്ട്.

പരിസ്ഥിതി സൗഹൃദ ജനപക്ഷ വികസനത്തിനായുള്ള കൂട്ടായ്മ

തിരുവനന്തപുരം

ആഗസ്റ്റ് 29, 2018