Featured Malayalam Opinions Trending

തോട്ടം മേഖലയെ പരിസ്ഥിതി ദുർബല മേഖലയിൽ നിന്ന് പാടെ ഒഴിവാക്കിയതിൽ പ്രതിഷേധിക്കുക

“കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ സവിശേഷതകളാല്‍ രൂപപ്പെട്ടുവന്നതാണ് തോട്ടം മേഖല.. ” എന്ന സഖാവ് പിണറായിയുടെ നിയമസഭയിലെ അവതരണം അക്ഷരാർത്ഥത്തിൽ ശരിയായിരിക്കെത്തന്നെ തമസ്കരിക്കപ്പെടുന്ന ഒരു വലിയ യാഥാർത്ഥ്യമുണ്ട്. ഭൂപരിഷ്കരണ നിയമങ്ങളിൽ നിന്ന് തോട്ടം മേഖലയെ ഒഴിവാക്കിക്കൊടുത്ത രാഷ്ട്രീയ സാമൂഹിക പശ്ചാത്തലത്തിൽ നിന്നു കൂടി വേണം തോട്ടം മേഖലയുടെ ഇന്നത്തെ അവസ്ഥയിലേക്കുള്ള വളർച്ച വിലയിരുത്തേണ്ടത് എന്ന വസ്തുതയാണ് ദയനീയമാം വിധം ലളിതവൽക്കരിക്കപ്പെട്ടത്…

കിഴക്ക് മൂന്നാറിൽ കണ്ണൻ ദേവൻ തേയില തോട്ടം സായിപ്പൻമാർ സ്ഥാപിക്കപ്പെടുമ്പോൾ അരപ്പട്ടിണിയും മുഴുപ്പട്ടിണിയുമായി കഴിഞ്ഞ തമിഴരെ കൊണ്ടുവന്ന് ജോലി ചെയ്യിച്ച കാലം മുതൽ ലായങ്ങളിൽ കഴിയുന്ന വർത്തമാന കാല തമിഴ് തൊഴിലാളികൾ വരെയുള്ളവർക്ക് എന്തു പുരോഗതിയാണ് ഒരു ദേശം മുഴുവൻ ഭരിയ്ക്കുന്ന സുഖലോലുപരായ തോട്ടം മുതലാളിമാർ ചെയ്തു കൊടുത്തിട്ടുള്ളത്?

ഉപേക്ഷിക്കപ്പെട്ടതോ, പ്രവര്‍ത്തനരഹിതമായിക്കിടക്കുന്നതോ ആയ തോട്ടങ്ങള്‍ പരിസ്ഥിതി ലോല പ്രദേശമായി മാറുമെന്നാണ് 2000 ത്തിലെ വെസ്റ്റിംഗ് & മാനേജ്മെന്റ് ഓഫ് എക്കളോജിക്കലി ഫ്രെജൈല്‍ ലാന്റ് ആക്ടില്‍ പറയുന്നത്..എല്ലാത്തരം തോട്ടങ്ങളും പരിസ്ഥിതി ലോല മേഖലയിൽ നിന്ന് ഒഴിവാക്കിയതോടെ ഇവിടെ നിന്ന് അവശേഷിക്കുന്ന മരങ്ങൾ കൂടി വെട്ടിക്കൊണ്ടു പോകാൻ സർക്കാർ കൂട്ടു നിൽക്കുകയാണ്…

ടാറ്റ, ഹാരിസണ്‍ ഉള്‍പ്പടെയുള്ള കുത്തകള്‍ നിയമവിരുദ്ധമായും അനധികൃതമായും കൈയ്യടക്കി വെച്ചിരിക്കുന്ന 5,20,000 ഏക്കര്‍ തോട്ട ഭൂമി നിയമനിര്‍മ്മാണത്തിലൂടെ ഏറ്റെടുക്കണമെന്ന രാജമാണിക്യം റിപ്പോര്‍ട്ട് അട്ടിമറിയ്ക്കാനുള്ള ശ്രമങ്ങൾ സർക്കാരിലെ സി പി എം , സി പി ഐ വിഭാഗങ്ങൾ സകല പടലപ്പിണക്കങ്ങളും മാറ്റി വെച്ച് നടപ്പാക്കാർ ശ്രമിച്ചുവോ അതേ ഐക്യം തന്നെ ഇത്തവണ തോട്ടങ്ങളെ ഒഴിവാക്കുന്നതിൻ ഉണ്ടായിട്ടുണ്ട്.

ഹാരിസണ്‍ ഉള്‍പ്പടെയുള്ള ഭൂമിയേറ്റെടുക്കല്‍ കേസില്‍ വിശദമായി പഠിക്കുകയും സര്‍ക്കാരിന് അനുകൂലമായി വാദിക്കുകയും ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാദിക്കുകയും ചെയ്ത പബ്ലിക് പ്രോസിക്യൂട്ടര്‍ സുശീല ആര്‍ ഭട്ടിനെ ആ സ്ഥാനത്തു നിന്നു മാറ്റി മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഹാരിസണ്‍ ഭൂമി മുറിച്ച് വിറ്റ ആനന്ദവല്ലി കേസില്‍ ഹാരിസണിന് വേണ്ടി ഹൈക്കോടതിയില്‍ ഹാജരാക്കുകയും ഹാരിസണ്‍ ഭൂമി സ്വകാര്യഭൂമിയാണെന്ന് വാദിക്കുകയും ചെയ്ത ആളായിരുന്ന രഞ്ജിത് തമ്പാനെ ആ സ്ഥാനത്ത് അവരോധിക്കുകയും ചെയ്തതിന്റെ ലക്ഷ്യവും തോട്ടം മുതലാളിമാരെ സേവിക്കുക മാത്രമായിരുന്നെന്ന് പകൽ പോലെ വ്യക്തമായിരുന്നു…

ഭൂമി ഏറ്റെടുക്കല്‍ കേസുകള്‍ ഒന്നൊന്നായി തോറ്റു .., ഹാരിസണ്‍ ഭൂമി ഏറ്റെടുക്കുന്നതിന് ആറ് കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ വന്നിട്ടും ഒരു നടപടിയും എടുക്കാതെ പുതിയ കമ്മീഷനുകളെ നിയോഗിച്ചുകൊണ്ടേയിരിക്കുന്നു, ടാറ്റ കയ്യേറ്റം നടത്തിയിട്ടില്ല എന്ന നിലപാട് നിലനിർത്തുന്നു , രാജമാണിക്യം റിപ്പോര്‍ട്ടിന്റെ അന്ത:സത്ത ദുര്‍ബലമാക്കുന്ന Andhra pradesh Land Grabbing Prohibition Atc-ന്റെ മാതൃകയില്‍ പുതിയ നിയമം കൊണ്ടുവരുന്നതിനുള്ള ആലോചനകൾ നടത്തി … ഈ നിരയിൽ അവസാനത്തേതാണ് ഈ മന്ത്രിസഭാ തീരുമാനം .

ആത്യന്തികമായി സംഭവിക്കുന്നത് കയ്യേറ്റക്കാരന്റെയും കള്ള പ്രമാണക്കാരന്റെയും രക്ഷയാണ് .. ഒരു മുറുമുറുപ്പുമില്ലാതെ ഭരണകൂടം ഒറ്റക്കെട്ടായി ഒത്താശകൾ ചെയ്യുമ്പോൾ തെരുവിലിറങ്ങി പ്രതിഷേധിക്കേണ്ട ബാദ്ധ്യത പുരോഗമന ജനാധിപത്യ ശക്തികൾക്കുണ്ട് ..