Featured Malayalam Trending

ഈ ദുരന്തം സ്വാഭാവികമായ പ്രകൃതി പ്രതിഭാസത്തിന്റെ തലത്തിലുള്ളതല്ല

വലിയ ദുരന്തത്തിലൂടെയാണ് കേരളം കടന്നു പോകുന്നത്. 29 മനുഷ്യജീവനുകൾ പൊലിഞ്ഞതടക്കം അങ്ങേയറ്റം ദു:ഖകരമായ കെടുതികളെയാണ് നാം നേരിട്ടു കൊണ്ടിരിക്കുന്നത്.

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുന്നിട്ടിറങ്ങാനും ദുരിതബാധിതർക്ക് കഴിയുന്നത്ര സഹായങ്ങൾ എത്തിക്കാനും പാർട്ടി പ്രവർത്തകരോട് സി പി ഐ (എം.എൽ) റെഡ് സ്റ്റാർ സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്യുന്നു.

കാലവർഷക്കെടുതിയെ നാം ഒരുമിച്ച് നേരിടേണ്ടതുണ്ട്. അതേ സമയം കേരളത്തെ സംബന്ധിച്ച് ഈ ദുരന്തം സ്വാഭാവികമായ പ്രകൃതി പ്രതിഭാസത്തിന്റെ തലത്തിലുള്ളതല്ല.കഴിഞ്ഞ കാൽനൂറ്റാണ്ടായി പരിസ്ഥിതിക്കു മേൽ നടന്നുകൊണ്ടിരിക്കുന്ന കയ്യേറ്റങ്ങളുടെയും റിയൽ എസ്‌റ്റേറ്റ് മാഫിയകളുടെ പിടിമുറുക്കലുകളുടെയും പരിണിത ഫലമാണ്. പശ്ചിമഘട്ട മേഖലയിൽ അനിയന്ത്രിതമായി തഴച്ചു വളർന്നുകൊണ്ടിരിക്കുന്ന ക്വാറികളാണ് ഇപ്പോഴത്തെ ഉരുൾപൊട്ടലുകളുടെ പ്രധാന കാരണം. നിലവിലുള്ള ചട്ടങ്ങൾ ലംഘിച്ചും പരിസ്ഥിതി നിയമങ്ങളെ മറികടന്നും ക്വാറി മാഫിയകൾക്ക് എല്ലാ ഒത്താശയും നൽകുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചു വരുന്നത്.

സമതല പ്രദേശങ്ങളിൽ നെൽവയലുകൾ നികത്തി വ്യാപകമായി കെട്ടിപ്പൊക്കിയതും ഭൂമി നികത്തലുകളും കിഴക്കു നിന്നുള്ള നീരൊഴിക്കിനെ അസാദ്ധ്യമാക്കിയതിനാൽ ഇടനാട്ടിൽ തങ്ങാനോ താഴാനോ കഴിയാതെ കിഴക്കൻ പെയ്തു വെള്ളമപ്പാടെ ഒഴുകിയെത്തിയ കുട്ടനാട് ഇപ്പോഴും പ്രളയത്തിലാണ്. മുൻകാലങ്ങളിൽ സാമൂഹ്യവും സാമ്പത്തികവുമായി ഏറെ പിന്നണിയിൽ കഴിയുന്ന ദലിതരും മറ്റ് പാർശ്വവൽകൃത വിഭാഗങ്ങളുമായിരുന്നു വെള്ളപ്പൊക്ക ദുരിതങ്ങൾ മൂലം ക്യാമ്പുകളിൽ എത്തിയിരുന്നത്. എന്നാൽ കേരളത്തിൽ തീവ്രഗതിയാർജ്ജിച്ചതല തിരിഞ്ഞ വികസനം മൂലം ഇടത്തരം ,ഉപരിവർഗ്ഗ വിഭാഗങ്ങളുടെ വീടുകളിൽ കൂടി വെള്ളം കയറിയതിനാൽ ഇത്തവണ ആ വിഭാഗങ്ങൾ കൂടി ആദ്യമായി ക്യാമ്പുകളിൽ എത്തപ്പെട്ടു.

[ പ്രളയക്കെടുതിയിലും കൈവിടാനാകാത്ത ജാതി ബോധത്താൽ ദലിതർക്കൊപ്പം ദുരിതാശ്വാസ ക്യാമ്പിൽ കഴിയാൻ തയ്യാറാകാതിരുന്ന സവർണ്ണക്കു വേണ്ടി പ്രത്യേകം ക്യാമ്പുകൾ തയ്യാറാക്കി നൽകി അയിത്താചരണത്തിന് അധികാര കേന്ദ്രങ്ങൾ സൗകര്യങ്ങളൊരുക്കി കൊടുക്കുകയും ചെയ്തു.]

ഇനിയെങ്കിലും നാം പിന്തുടരുന്ന “വികസന ” ത്തെപ്പറ്റി പുനരാലോചന നടത്താനും പ്രകൃതിയേയും പരിസ്ഥിതിയേയും സംരക്ഷിച്ചു കൊണ്ടുള്ള ജനകീയ വികസനത്തിന്റെ ബദലിന്റ ആവശ്യകതയെ തിരിച്ചറിയാനുള്ള സന്ദർഭമായിക്കൂടി ഈ കെടുതികളെ തിരിച്ചറിയേണ്ടതുണ്ട്.

എം.കെ.ദാസൻ,
സംസ്ഥാന സെക്രട്ടറി,
CPI(ML) റെഡ് സ്റ്റാർ.